ആലുവ: മന്ത്രിയായ ശേഷം ആലുവയിലെ വീട്ടിലേക്ക് ആദ്യമായി എത്തിയ കളമശേരി എംഎൽഎ അബ്ദുൾ ഗഫൂറിന് ആലുവ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകർ ഉജ്ജ്വല സ്വീകരണം ഒരുക്കി.
ഇന്നലെ രാവിലെ 11.45 ന് എത്തിയ മന്ത്രിക്ക് പ്ലാറ്റ്ഫോം മൂന്ന് മുതൽ യുഡിഎഫ് പ്രവർത്തകർ ആലുവ എംഎൽഎ അൻവർ സാദത്തിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. ഹാരിസ് ബീരാൻ എംപി, നഗരസഭ ചെയർപേഴ്സൺ ഷൈജി ജോളി, മുൻ ചെയർമാൻ എം.ഒ. ജോൺ, യുഡിഎഫ് ആലുവ നിയോജക മണ്ഡലം കൺവീനർ എം.കെ.എ. ലത്തീഫ് എന്നിവരും സന്നിഹിതരായിരുന്നു. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികളും എത്തിയിരുന്നു.
താളമേളങ്ങൾ, പ്ലക്കാർഡുകൾ, പാർട്ടിക്കൊടികൾ എന്നിവയും സ്വീകരണത്തിന് മാറ്റ് കൂട്ടി. പ്ലാറ്റ്ഫോമിലും മേൽപ്പാലത്തിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങൽ നീണ്ടതോടെ അര മണിക്കൂറോളം സമയമെടുത്താണ് മന്ത്രി പുറത്ത് വന്നത്. മന്ത്രിയെന്ന നിലയിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കുമെന്നും ഇതൊരു നിയോഗമാണെന്നും മന്ത്രി അബ്ദുൾ ഗഫൂർ പറഞ്ഞു. സ്വീകരണത്തിന് ശേഷം പിതാവിന്റെ ഖബറിടം സന്ദർശിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരനേയും സന്ദർശിച്ചശേഷമാണ് ആലുവ മണപ്പുറം റോഡിലെ വസതിയിലേക്ക് പോയത്.